ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് മുഹമ്മ ഗ്രാമപഞ്ചായത്ത്. തണ്ണീർമുക്കം തെക്ക് വില്ലേജിന്റെ പരിധിയിൽ വരുന്ന പഞ്ചായത്താണിത്. മുഹമ്മ ഗ്രാമപഞ്ചായത്ത് ഒരു എ ഗ്രേഡ് പഞ്ചായത്താണ്. 26.76 ചതുരശ്ര കിലോമീറ്റർ ആണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം. പഴയ കരപ്പുറം (ചേർത്തല) പ്രദേശത്തിന്റെ ഒരു ഭാഗമാണ് ഇന്നത്തെ മുഹമ്മ പഞ്ചായത്ത്.

1953-ൽ ആണ് മുഹമ്മ ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടത്. മുഹമ്മ എന്ന സ്ഥലനാമത്തിന് നൂറു വർഷത്തെ പഴക്കമേയുള്ളൂ. ഇന്നത്തെ ആലപ്പുഴ-തണ്ണീർമുക്കം റോഡിന്റെ കിഴക്കുഭാഗത്താണ് ഇവിടെ ആദ്യമായി ഒരു കമ്പോളം രൂപപ്പെട്ടത്. തോട് ഒഴുകി കായലിൽ ചേരുന്ന ഭാഗത്തിന് മുഖപ്പ് എന്നു പറയാറുണ്ട്. അതിന് മേക്ക് പടിഞ്ഞാറുഭാഗത്തുള്ള ഒരു വീട് മുഖമ്മേൽ എന്ന പേരിലറിയപ്പെട്ടു. ഈ വീടിനടുത്തായി ഒരു കമ്പോളം രൂപംകൊള്ളുകയും അതിനെ മുഖമ്മേൽ കമ്പോളം എന്ന് വിളിക്കപ്പെടുകയും ചെയ്തു. ഇത് പിന്നീട് മുഖം-മുഹമെന്ന് ഉച്ചരിക്കുന്നതുപോലെ മുഹമ്മ എന്നായി മാറി. ഇങ്ങനെയാണ് മൂഹമ്മ എന്ന പേരുണ്ടായതെന്ന് കരുതേണ്ടിയിരിക്കുന്നു. മുഹമ്മ എന്നു പേരു വരുവാൻ മുഹമ്മദീയരുടെ വരവും കാരണമായെന്ന് പറയപ്പെടുന്നു.